This is 'I'

My photo
I love hot cup of strong milk tea with cardamom powder and bit of extra sweet of love so you don't have to.:)

ഒരു ഉംറ യുടെ ഓർമ്മയിൽ

 





11 വർഷത്തെ ഓർമ്മകളും ഉണർവുമായി കാലത്തിനൊപ്പം തങ്ങി നിൽക്കുകയാണ് 2014 ലെ ഉംറ യാത്ര, ജൂൺ 9  ന് പുറപ്പെട്ട ആ യാത്ര  അന്നുമുതൽ ഇന്നുവരെ  ഒരു അത്ഭുതലോകം കണ്ട അനുഭവമാണ് ഇന്നും ഓർമയിൽ.


ഇടയ്ക്കിടെ വീടിന്റെ മുകളിൽ കൂടെ പറന്നു പോകുന്ന വിമാനം എന്നും കൗതുകമായിരുന്നു. അങ്ങനെ ഒരിക്കെ  തുണി തോരയിടാൻ പുറത്തേക്ക് പോകുമ്പോ, പറന്നുപോകുന്ന വിമാനം നോക്കി ഞാൻ പറഞ്ഞു നോക്കിക്കോ ഞാനും നിന്റെയുള്ളിൽ കേറും.




പിറ്റേ വര്ഷം തന്നെ ഉപ്പ ഉംറക്ക് പോകാമെന്നേറ്റപ്പോൾ, പോരണോ എന്ന് ചോദിച്ചു, നിറഞ്ഞ ചിരിയോടെ ഞാൻ ഉണ്ടെന്നു പറഞ്ഞെതും , പാസ്പോര്ട്ട് ഓഫീസിൽ പോയതും, പിന്നെ വന്ന് ഉപ്പ പറഞ്ഞു' നല്ലോണം  പ്രാർത്ഥിക്ക് പടച്ചോനോട് പാസ്പോര്ട്ട് റെഡി ആയി കിട്ടാൻ' അന്ന് ദുഹ്ർ നമസ്ക്കാരം കഴിഞ്ഞ ഉടനെ , കുറച്ച ഉച്ചത്തിൽ തന്നെ ഞാൻ ചോദിച്ചു 'എനിക്ക് പോകണം, ഒന്ന് റെഡി ആക്കി തരണം യാ അല്ലാഹ്'


അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് അത് റെഡി ആയി,


എന്റെ അനിയൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ , എനിക്ക് ഉംറക്ക് പോകാൻ ഇങ്ങനെ ഒരു അവസരം കിട്ടില്ലായിരുന്നു, കാരണം ഒരു ആൺകുട്ടീ ഉണ്ടാകാൻ ഉപ്പയും ഉമ്മയും ചെയ്ത നേർച്ചയുടെ ബലമാണ് എന്റെ അനിയൻ.


അങ്ങനെ കിനാവിൽ കൊണ്ട് നടന്ന ഉംറ പോക്കും, വിമാനം കയറണമെന്നുള്ള ആ മോഹവും ഒരു ജൂൺ മാസത്തിൽ സാധ്യമായി.


ഒരുപാട്പേരുടെ പ്രാർത്ഥനയും, സ്നേഹവും , മുത്തുനബിയോടുള്ള സലാം പറയാൻ ഏല്പിച്ചവരുടെ പേരുകൾ എല്ലാം കെട്ടിപൊതിഞ് അങ്ങകലെ സ്ഥിതിചെയ്യുന്ന എന്റെ കിനാവിലേക്ക്  ഉള്ളുതുറന്ന് യാത്ര ആരംഭിച്ചു.



ആദ്യമായുള്ള വിദേശ യാത്ര ആയത്കൊണ്ട് തന്നെ, ഒരുപാട് പെട്ടിയും ബാകും, ആനാവശ്യത്തിലേറെ കരുതിയിരുന്നു. അതിൽ ഞങ്ങൾ നിധിപോലെ കൊണ്ടുനടന്നിരുന്ന എന്റെ താത്താരുടെ പ്രിയപ്പെട്ട

വിദേശയാത്രയുടെ അനുഭവം നിറക്കാൻ  കരുതിയ ക്യാമറയും കരുതിയിരുന്നു.


അങ്ങനെ മാസങ്ങളോളം താമസിക്കാൻ എന്നവണ്ണം, ഒരു പാട് പെട്ടിയും ബാഗും നിറച് ഞങ്ങൾ സലാം ചൊല്ലി സ്വന്തം നാടിനോട്, യാത്ര പറഞ്ഞു.


ആദ്യമായിട്ടാണ് അന്ന് ഞാൻ അറിയുന്നത് ഫ്ലൈറ്റിൽ എയർ ഹോസ്റ്റസ് പുരുഷന്മാരും ഉണ്ടാകും എന്നത്, ആള് തന്ന മിട്ടായും കൂടെ പിടിച്ചു ആകാശം മതിവരുവോളം ആ വിമാനത്തിന്റെ ഉള്ളിൽ നിന്ന് ഞാൻ വീക്ഷിച്ചു, ഒപ്പം അന്ന് പുറത്തു നിന്ന് നോക്കി പറഞ്ഞ  ആ നിമിഷവും ഓർത്തു കൊണ്ട് ഒരു പ്രൗഢിയിൽ ഞാൻ ആ യാത്ര ആസ്വദിച്ചു പൊന്നു.


ഒരു അനർഘ നിമിഷത്തിനു ശേഷം ഖത്തർ ലെത്തി. അവിടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾക്കകം മനസ്സിലായി, ക്യാമറ കരുതിയ ബാഗ് ഫ്ലൈറ്റിൽ മറന്നു വെച്ചത്, അത് തിരിച്ചു എയർപോർട്ടിൽ വരുമ്പോൾ കിട്ടുമെന്നു ഞാൻ അന്ന് കരുതിയത് വെറുതെ ആയിരുന്നു - അതുപോയി.


അങ്ങനെ അവിടെ നിന്നും ഹൃദയത്തിനു താങ്ങാൻ പറ്റാത്ത ദുഃഖത്താൽ  അടുത്ത ഫ്ലൈറ്റിലോട്ട്, നേരം ഇരുട്ടായപ്പോൾ സൗദി അറബിയയിൽ എത്തി, പല ഓർമകൾക്കും ഇന്ന് മങ്ങലേറ്റിട്ടുണ്ട്, എന്നിരുന്നാലും ഓര്മയുള്ളത് കുറിക്കുകയാണ് ഇവിടെ , ഇനി ബാക്കിയുള്ള ഓര്മ നഷ്ടപ്പെടും മുന്ബെ.


ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ, ഇന്ന് അത് അവിടെ ഇല്ലെങ്കിലും , ഞങ്ങൾക്ക് നല്ല അനുഭവം തന്ന ഒരു ഹോട്ടൽ ആയിരുന്നു, വൃത്തിയും നല്ല ഭക്ഷണവും തന്നു പതിനഞ്ചു  ദിവസത്തെ പകുതി ദിവസവും അവർ സമ്മാനിച്ചു. ഹോട്ടലിൽ നിന്നും വളരെ അടുത്താണ് ഹറം. ഒറ്റക്കു പോകാൻ വരെ എനിക്ക് കഴിഞ്ഞിരുന്നു, ഏറെ സമയവും ഹറമിൽ കഴിയേണ്ടി വന്നതിനാൽ ഇടയ്ക്കിടെ ഹോട്ടലിൽ നിന്നും അങ്ങോണ്ട് പോകും, ചിലപ്പോൾ തനിച്ചു, അല്ലെങ്കിൽ കൂടെ ഉമ്മയോ, ആരെങ്കിലും കൂടും.


എന്റെ ആദ്യ  കഅ്ബയുമായുള്ള കൂടിക്കാഴ്ച- വന്ന പിറ്റെന്നാൾ ആണ്, ഏറെ വൈകി വന്നത് കൊണ്ട്, പിറ്റേ ദിവസം അതിരാവിലെ ആണ് ഹറമിലോട്ടുള്ള യാത്ര. കുട്ടി ആയത്കൊണ്ട് തന്നെ, എന്റെ കയ്യ് പിടിക്കാൻ ഏറെ പേരുണ്ടായിരുന്നു, വഴിയിൽ കൂടെ നടക്കുമ്പോൾ ഞാൻ കണ്ട കാഴ്ചകൾ, ഒരു പാട് ഭക്ഷണവും, പല ദേശത്തുനിന്നുമുള്ള വിശ്വാസികളും, റോഡിൽ നമസ്‌കരിക്കുന്ന വിശ്വാസികൾ, വസ്ത്ര വ്യാപാരികൾ, പല തരത്തിൽ കച്ചവടം ചെയ്യുന്ന ആ തിരക്കുപിടിച്ച വഴിയിൽ ഒന്ന് കണ്ണ് തെറ്റിയാൽ കൂട്ടം വിട്ടുപോകുന്ന അവസ്ഥയാണ്.


അങ്ങനെ എന്റെ അമ്മായി എന്നെ വലിച്ചു കൊണ്ട് പോയി, "വാ നിനക്ക് കഅ്ബ കാണേണ്ടേ എന്ന് ചോദിച്ചു" പ്രാർത്ഥിക്കുന്ന വിശ്വാസികൾ ക്കിടയിലൂടെ ഇനി വലിച്ചുകൊണ്ടുപോയി , എന്റെ ആശ്ചര്യം എന്നെ അപ്പോഴേക്കും ചുറ്റുമുള്ളതിനെ അന്തമാക്കിയിരുന്നു, അത്ഭുതം കൊണ്ട് ഞാൻ പലതും ആ നിമിഷം മറന്നിരുന്നു. അൽഹംദുലില്ലാഹ് 


(ഇന്ന് ഇതെഴുതുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു) 


എനിക്കറിയില്ലായിരുന്നു 'നമ്മൾ ആദ്യം കഅ്ബ  കണ്ടാൽ പ്രാർത്ഥിക്കുന്ന ഏതു പ്രാർത്ഥനയും സ്വീകരിക്കും എന്ന് ' അന്ന് ഞാൻ എന്തൊക്കെ പ്രാർത്ഥിച്ചെന്നു എനിക്ക് ഓർമയില്ല.


ത്വവാഫ് ചെയ്യുമ്പോൾ എന്റെ കണ്ണ് എപ്പോഴും കഅ്ബ യിൽ ആയിരിക്കും, അത് കഴിഞ്ഞുള്ള പ്രാർത്ഥനകൾ കഴിഞ്ഞാൽ , ഞാൻ അവിടെ ഉള്ള എല്ലാവരെയും നോക്കും, ഇന്നും പലവരും  പ്രാർത്ഥന ചെയ്യുന്നതും, അവിടെ കഅ്ബ നോക്കി കരയുന്ന കണ്ണുകളും, മുഖങ്ങളും ഓർമയിലുണ്ട്.


അങ്ങനെ ഓരോ ദിവസം ഞാൻ സന്തോഷിക്കുന്ന മാടപ്രാവായി, അവിടെ അലഞ്ഞു തിരിഞ്ഞു ഓരോ ദിവസവും കഴിച്ചു കൂട്ടി, ജീവിതത്തിൽ ഒരുപാട് അച്ചടക്കവും, ദീർഗവീക്ഷണവും നൽകിയ നാളുകൾ ആയിരുന്നു എന്റെ മക്കയിലുള്ള ജീവിതം. ഇന്നും അസൂയയോടെ അവിടെയുള്ള  ആ കുന്നിൻ മുകളിലെ വീടുകളെ ഞാൻ ഓർക്കും.




അങ്ങനെ ഒരാഴ്ചത്തെ മക്ക ദിവസങ്ങൾ കഴിഞ്ഞു ഇനി പോകേണ്ടത് മദീനയിലേക്കാണ്, മൂത്ത നബിയുടെ ചാരത്തേക്ക്, ബസിലാണ് യാത്ര, പലവരും ദിക്റുകളും പ്രാർത്ഥനയിലും കഴിയുമ്പോൾ, എന്റെ ഉള്ളിൽ എന്റെ നഷ്ടപെട്ട ബാഗ് ആണ് ഓര്മ വേറെ, കാമറ പോയ ബാഗ് ഞാൻ മറന്നിരുന്നു, എന്റെ ദുഃഖത്തിനു ഒരു കൂട്ടുകാരനായി വേറൊരു നിമിഷവും അവിടെ നടന്നു, സഫ മർവ മലയുടെ അടുത്തു, അവിടെ പ്രാർത്ഥനക്ക് ഇരിക്കുന്ന സമയം, എല്ലാവരെയും പോലെ ഞാനും എന്റെ ഹാൻഡ്ബാഗ്, മതിലിനോട് ചാരത്തു വെച്ചു. അപ്പോൾ ദേ വരുന്നു ഇഹ്‌റാം കെട്ടി മാസ്ക് ഇട്ട ഒരു മനുഷ്യൻ,  അയാൾ വന്നു എന്റെ ബാഗ് കൊണ്ട് പോയി, ഇത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു , ഉറക്കെ വിളിച്ചു പറഞ്ഞു,'എന്റെ ബാഗ് അതാ കൊണ്ടുപോകുന്നു'

 

എന്റെ അമ്മായി പിന്നാലെ ഓടിയെങ്കിലും ഒന്നുമുണ്ടായില്ല, ഞാൻ കൊറേ കരഞ്ഞു, രണ്ട് ബാഗും നഷ്ടപെട്ട ഞാൻ ആകെ തളർന്നു. എനിക്കറിയില്ലായിരുന്നു ഇത്രെയും അനുഗ്രഹിക്കപ്പെട്ട നാട്ടിൽ, പടച്ചവന്റെ സ്വന്തം ഭവനത്തിൽ ഇങ്ങനെയും മനുഷ്യന്മാരുണ്ടെന്ന്. 


അതിൽ ഞാൻ കരുതിയ എന്റെ ഡയറി പോയതിലാണ് എനിക്ക് ആകെ സങ്കടമായത്. ആ ഡയറിയിൽ ഞാൻ എല്ലാ കാര്യങ്ങളും ഒരു യാത്ര കുറിപ്പ് പോലെ എഴുതിവെച്ചിരുന്നു.


ആ വയസ്സിൽ ഞാൻ ഡയറി എഴുതുമായിരുന്നു(ഇപ്പോഴും) , നാട്ടിൽ വന്നാൽ എഴുതി വെക്കേണ്ട എല്ലാ കാര്യങ്ങളും ഞാൻ എന്റെ ബാഗിൽ കരുതിയ ബുക്കിൽ കുറിച്ചിരുന്നു.


അന്ന് അവിടെ കണ്ട ഒരു താത്ത എന്നോട് പറഞ്ഞു നീ കഅ്ബ യുടെ മുന്നിൽ ചെന്ന് പ്രാർത്ഥിക്ക്, തിരിച്ചു കിട്ടുമെന്ന്, ഞാൻ അന്ന് പ്രാർഥിച്ചത് എന്റെ ബാഗ് തിരിച്ചു കിട്ടാനല്ല പകരം...(ആ  പ്രാർത്ഥന എനിക്കും ,പടച്ചവനും അറിയുന്ന ഒരു സീക്രെട് ആകട്ടെ).


അങ്ങനെ ഒരു വല്ലാത്ത ഓർമകളുമായി, ഞാൻ മദീനയിൽ എത്തി, അവിടെയും എത്തിയത് രാത്രി ആയിരുന്നു, വേഗം പോയി നബിയുടെ ചാരത്തു, സലാം ചൊല്ലി, എന്റെയും എന്നെ പറയാനേല്പിച്ച എല്ലാവരുടെയും സലാം,'അസ്സലാമു അലൈക്കും യ റസൂലല്ലാഹ്'


അവിടെ രണ്ടു ദിവസം അല്ലെങ്കിൽ മൂന്നു, ഞാൻ പള്ളിയിൽ പോയിട്ടൊള്ളു, അപ്പോഴേക്കും നിയ്യത്തു തെറ്റിച്ചു എന്റെ ആര്ത്തവം വന്നു.




പിന്നെ പുറത്തെ കാഴ്ചകളുമായി ബാക്കിയുള്ള ദിവസങ്ങൾ ചിലവഴിച്ചു, മദ്‌റസയിൽ ഉസ്താദിന്റെ കഥകളിലൂടെ കേട്ട യുദ്ധങ്ങളുടെ, മലകളുടെ, ചരിത്രത്തിലെ എല്ലാ സ്ഥലങ്ങൾ കണ്ടതിലും, ഇന്ന് സന്തോഷത്തോടെ സ്വർഗ്ഗവും പ്രീതീക്ഷിച്ചു അന്തിയുറങ്ങുന്ന ഒരുപാട് പേരുടെ ഓർമ്മകളും, അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും ചെയ്ത് അവിടെ നിന്നും പിരിഞ്ഞു. 


എന്നെ ഒരുപാട് വ്യക്തിപരമായി മാറ്റിയെടുത്ത നാളുകൾ, ജനങ്ങൾ, കാഴ്ചപ്പാടുകൾ, ജീവിതങ്ങൾ, സന്ദർഭങ്ങൾ, സമയങ്ങൾ, അങ്ങനെ ഞാൻ അല്ലാതായി തീർന്ന ഞാൻ വേറൊരാളായി മാറിയ നിമിഷങ്ങൾ സമ്മാനിച്ച ആ 2014 എന്ന വര്ഷം, ഞാൻ മറക്കില്ല. ഒരുപാട് നല്ല ഓർമ്മകൾ, അവസരങ്ങൾ, ആഘോഷങ്ങൾ എല്ലാം ആ വര്ഷം ഒരു ദീര്ഘയുസ്സിനു കരുതാൻ എനിക്ക് പടച്ചവൻ തന്നു.

الحمد لله الصلوۃ والسلام و علیک یا رسول اللہ 



     








No comments:

Post a Comment

Life

 ജീവിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യുന്നു - എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതാണ് ഇപ്പോളെന്റെ ജീവിതം.

Readers pick